അംഗീകൃത മദ്ഹബുകൾ


1)ഹനഫീ മദ്ഹബ്

   അംഗീകൃത മദ്ഹബുകളില്‍ ആദ്യത്തേതാണ് ഹനഫീ മദ്ഹബ്. ഇമാം അബൂഹനീഫ നുഅ്മാനുബ്നു സാബിതുല്‍ കൂഫി(റ)യാണ് ഈ മദ്ഹബിന്റെ ഉപജ്ഞാതാവ്...

 ഹിജ്റ 80ല്‍ അദ്ദേഹം കൂഫയില്‍ ജനിച്ചു. ഫിഖ്ഹില്‍ അദ്ദേഹത്തിന്റെ പ്രധാന ഗുരു ഹമ്മാദു ബ്നു സുലൈമാനായിരുന്നു. യുക്തിവാദികളെയും ഖവാരിജുകളെയും നേരിടുന്നതില്‍ അദ്ദേഹം അതീവ നൈപുണ്യം പ്രകടിപ്പിച്ചു. ഒരിക്കല്‍ റോമക്കാരനായ ഒരു യുക്തിവാദിയെ ഇമാം വാദപ്രതിവാദത്തിലൂടെ മുട്ടുകുത്തിച്ചു...

 യുക്തിവാദി ചോദിച്ചു: ദൈവം ഖദീമാണെന്നാണല്ലോ നിങ്ങളുടെ വാദം. എല്ലാറ്റിനും മുമ്പുള്ള ഒന്ന്. അതിന് മുമ്പ് ഒന്നും ഇല്ല. അങ്ങനെ ഒന്ന് (ദൈവം) ഉണ്ടെന്ന് പറഞ്ഞാല്‍ ബുദ്ധി സമ്മതിക്കുമോ..?
ഇമാം: അതെ, നിനക്ക് എണ്ണം അറിയില്ലേ? എല്ലാറ്റിനും മുമ്പുള്ള എണ്ണം ഏതാണ്..?
യുക്തിവാദി: ഒന്ന്.
ഇമാം: അതിന് മുമ്പുള്ള എണ്ണം?
യുക്തിവാദി: ഒന്നുമില്ല. പൂജ്യം.
യുക്തിവാദി രണ്ടാം ചോദ്യം തൊടുത്തുവിട്ടു. എല്ലാറ്റിനും മുമ്പുള്ള ഒന്ന് (ദൈവം) ഉണ്ടെന്ന് സമ്മതിക്കാം. അങ്ങനെയാണെങ്കില്‍ അത് ഇപ്പോള്‍ എവിടെയാണ്..?
ഇമാം: പാലില്‍ വെണ്ണയുണ്ട് എന്ന് നീ സമ്മതിക്കില്ലേ? എങ്കില്‍ അത് എവിടെയാണ്..?
യുക്തി: അത് എല്ലായിടത്തുമാണ്. പ്രത്യേക ഇടം ഇല്ല.
ഇമാം: അത്പോലെ അല്ലാഹുﷻവിനും പ്രത്യേക ഇടം ഇല്ല.
പരാജയ ബോധത്തോടെ യുക്തിവാദി ചോദിച്ചു: ദൈവം ഏത് ഭാഗത്താണെന്നു പറയാമോ..?
ഇമാം: കത്തിച്ചു വച്ച ദീപത്തിന്റെ പ്രകാശം ഏത് ഭാഗത്താണെന്ന് പറയാമോ..?
യുക്തി: എല്ലാ ഭാഗത്തും അത് പ്രകാശം പരത്തുന്നു.
ഇമാം: അതുപോലെ എല്ലാ ഭാഗങ്ങളിലേക്കും അല്ലാഹു ﷻ അവന്റെ ശക്തി വിശേഷം പരത്തുന്നു.
യുക്തി: ദൈവത്തിന്റെ ജോലിയെന്താണ്..?
ഇമാം: അത് പറയും മുമ്പ് നീ പ്രസംഗ പീഠത്തില്‍ നിന്ന് ഒന്ന് ഇറങ്ങുക. ഞാനൊന്നങ്ങോട്ട് കയറി നില്‍ക്കട്ടെ. യുക്തിവാദി തറയിലോട്ട് ഇറങ്ങി. ഇമാം പ്രസംഗ പീഠത്തിലേക്ക് കയറി. എന്നിട്ടു പറഞ്ഞു. ഇതാണ് ദൈവത്തിന്റെ ജോലി. നിന്നെപ്പോലെയുള്ള അവിശ്വാസികളെ താഴെയിറക്കുക, എന്നെപ്പോലെയുള്ള വിശ്വാസികളെ ഉയര്‍ത്തുക.

 ഇമാം അവര്‍കളുടെ വാഗ്വൈഭവം യുക്തിവാദിയെ അസ്ത്രപ്രജ്ഞനാക്കി.
ഇമാമിന്റെ ഓരോ തീരുമാനവും യുക്തിഭദ്രമായിരുന്നു. അധികാരി വര്‍ഗത്തിന്റെ പ്രലോഭനങ്ങള്‍ക്ക് അദ്ദേഹത്തെ കീഴ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല. ജീവിതത്തില്‍ അതീവ സൂക്ഷ്മതയുള്ള മഹാപണ്ഢിതനായിരുന്നു അദ്ദേഹം...

 ലോക മുസ്ലിംകളില്‍ നേര്‍ പകുതി ഇമാം അബൂഹനീഫ(റ)യുടെ മദ്ഹബ് സ്വീകരിച്ചവരാണ്. തുര്‍ക്കി, ഇന്ത്യ, ബംഗ്ളാദേശ്, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ജോര്‍ഡാന്‍, ചൈന, ഇന്റോചൈന, റഷ്യ എന്നിവിടങ്ങളിലെ ഭൂരിപക്ഷം മുസ്ലിംകളും ഹനഫികളാണ്. ഹനഫീ മദ്ഹബിന് ശാസ്ത്രീയ രൂപം നല്‍കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചത് അദ്ദേഹത്തിന്റെ പ്രമുഖ ശിഷ്യരായ ഇമാം മുഹമ്മദ്(റ)വും ഇമാം അബൂയൂസുഫ്(റ)വുമാണ്. ഹിജ്റ 150 ലാണ് ഇമാം അബൂഹനീഫ(റ) അന്തരിച്ചത്. പ്രമുഖ ശിഷ്യരായ ഇമാം മുഹമ്മദ്(റ) ഹിജ്റ 189 ലും അബൂയൂസുഫ്(റ) 183 ലും അന്തരിച്ചു.

2) മാലികീ മദ്ഹബ്


   ഇമാം മാലിക്ബ്നു അനസ്(റ)വാണ് മാലികീ മദ്ഹബ് സ്ഥാപിച്ചത്. ഹിജ്റ 93ല്‍ മദീനയില്‍ ജനിച്ചു. മദീനയില്‍ത്തന്നെയാണ് അദ്ദേഹം വളര്‍ന്നതും വിദ്യയഭ്യസിച്ചതും...

 സ്വഹാബിയായിരുന്ന സഹ്ലുബ്നു സഅ്വ്(റ)വായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ഗുരു. ഹദീസ് ഗ്രന്ഥമായ മുവത്വ അദ്ദേഹത്തിന്റെ കൃതിയാണ്. മുവത്വയും മുദവ്വനയുമാണ് മാലികീ മദ്ഹബിന്റെ അടിസ്ഥാന ഗ്രന്ഥങ്ങള്‍. മാലിക്(റ)വിന്റെ ശിഷ്യനായ ഇമാം സഹ്നൂന്‍ തനൂഖി(റ) (160-245) ആണ് മുദവ്വനയുടെ കര്‍ത്താവ്. ഹിജ്റ 179ല്‍ മാലിക്(റ) നിര്യാതനായി. 12 കോടിയോളം മുസ്ലിംകള്‍ മാലികീ മദ്ഹബ് പിന്തുടരുന്നവരാണ്. മൊറോക്കോ, അള്‍ജീരിയ, ടൂണിസ്, സുഡാന്‍, കുവൈത്ത്, ബഹ്റൈന്‍ എന്നീ രാജ്യങ്ങളാണ് മാലിക്കികള്‍ അധികമുള്ള പ്രദേശങ്ങള്‍.

3) ശാഫിഈ മദ്ഹബ്


   അബൂഅബ്ദില്ലാ മുഹമ്മദ്ബ്നു ഇദ്രീസിശ്ശാഫിഈ(റ)വാണ് ശാഫിഈ മദ്ഹബിന്റെ ഉപജ്ഞാതാവ്. ഹിജ്റ 150ല്‍ ഫലസ്തീനിലെ ഗസ്സ എന്ന സ്ഥലത്താണ് ഇമാം ശാഫിഈ(റ) ഭൂജാതനായത്...

 ശാഫിഈ(റ)വിന്റെ പിതാവ് ഇദ്രീസ്(റ), ഖുറൈശീ വംശജനാണ്. കുടുംബ സമേതം ഗസ്സ:യില്‍ പോയി താമസമാക്കിയ ഇദ്രീസ് അവിടെ വെച്ചു മരിച്ചു. അന്ന് ശാഇഫിഈ(റ) മുലകുടിക്കുന്ന കുട്ടിയായിരുന്നു. രണ്ടു കൊല്ലത്തിന് ശേഷം തന്നെയും കൊണ്ട് തന്റെ മാതാവ് മക്കയില്‍ വന്ന് താമസമാക്കി...

 ശാഫിഈ(റ) തന്റെ ഏഴാമത്തെ വയസ്സില്‍ ഖുര്‍ആന്‍ മന:പാഠമാക്കി. പന്ത്രണ്ടാമത്തെ വയസ്സില്‍ അദ്ദേഹം ഹദീസില്‍ അവഗാഹം നേടി. പതിനഞ്ചാമത്തെ വയസ്സില്‍ മതവിധികള്‍ പുറപ്പെടുവിക്കാനുള്ള അധികാരം നേടി...

 മുസ്ലിമുബ്നുഖാലിദ്(റ)വും ഇമാം മാലിക്(റ)വും അദ്ദേഹത്തിന്റെ ഗുരുനാഥന്മാരായിരുന്നു. ഇമാം അഹ്മദുബ്നുഹമ്പല്‍(റ) അദ്ദേഹത്തിന്റ പ്രമുഖ ശിഷ്യനായിരുന്നു. ഇമാം അബൂഹനീഫ(റ)വിന്റെ പ്രമുഖ ശിഷ്യനായിരുന്ന ഇമാം മുഹമ്മദ്(റ)വും ശാഫിഈ(റ)വും തമ്മില്‍ ഫിഖ്ഹില്‍ ഒട്ടേറെ ചര്‍ച്ചകള്‍ നടത്തിയിരുന്നു...

 195 ലാണ് അദ്ദേഹം ബഗ്ദാദില്‍ എത്തിയത്. പിന്നീട് അദ്ദേഹം മക്കയിലേക്ക് പോയി. ഇതിനിടക്ക് അദ്ദേഹം പേര്‍ഷ്യ മുഴുവനും പര്യടനം നടത്തി. പിന്നീട് വീണ്ടും ബഗ്ദാദിലെത്തി. അവിടെ നിന്ന് ഈജിപ്തിലേക്ക് തിരിച്ചു...

 ഇമാം ശാഫിഈ(റ)വിന്റെ വിഖ്യാതമായ ഗ്രന്ഥമാണ് അല്‍ഉമ്മ്. ലോക മുസ്ലിംകളില്‍ ഹനഫികള്‍ കഴിഞ്ഞാല്‍ ഏറ്റവും അധികം അംഗബലമുള്ളത് ശാഫിഈ മദ്ഹബിന്നാണ്. ഇന്ന് ലോകത്ത് 35 കോടിയോളം ശാഫിഈകളുണ്ട്. ഫലസ്ത്വീന്‍, ലബനാന്‍, ഈജിപ്ത്, ഇറാഖ്, യമന്‍, ഇന്റോനേഷ്യ, മലേഷ്യ, മാലി, ലക്ഷദ്വീപ്, കേരളം എന്നിവിടങ്ങളില്‍ അധികവും ശാഫിഈകളാണ്. ഹിജ്റ 204 ല്‍ ഈജിപ്തില്‍ വെച്ച് മഹാൻ നിര്യാതനായി.

4) ഹമ്പലീ മദ്ഹബ്


   ഇമാം അഹ്മദുബ്നു ഹമ്പല്‍(റ)വാണ്
(164_241) ഹമ്പലീ മദ്ഹബിന്റെ ഉപജ്ഞാതാവ്. ഹിജ്റ 164 ല്‍ അദ്ദേഹം ബഗ്ദാദില്‍ ജനിച്ചു. മഹാൻ ഒരു വിഖ്യാത മുഹദ്ദിസ് കൂടിയായിരുന്നു. മുസ്നദ് അഹ്മദ് പ്രസിദ്ധമായ ഒരു ഹദീസ് ശേഖരമാണ്. ഇമാം ശാഫിഈ(റ)വിന്റെ പ്രമുഖ ശിഷ്യരില്‍ ഒരാളാണ് അദ്ദേഹം...

 ഇന്ന് ഹമ്പലീ മദ്ഹബിന്റെ പ്രധാന അവലംബങ്ങളിലൊന്ന് പന്ത്രണ്ട് വാള്യങ്ങളിലായി ഇബ്നുഖുദാമ(റ) (ക്രിസ്താബ്ദം 1146_1223) രചിച്ച അല്‍മുഗ്നി എന്ന ഗ്രന്ഥമാണ്...

 ഖുര്‍ആന്‍ സൃഷ്ടിയാണെന്ന വാദത്തെ ഫലപ്രദമായ രീതിയില്‍ ഖണ്ഡിച്ചത് ഹമ്പലീ ഇമാം(റ)വായിരുന്നു. ഹിജ്റ 241ല്‍ മഹാൻ നിര്യാതനായി. ലോക മുസ്ലിംകളില്‍ ഹമ്പലികള്‍ കുറവാണ്. സഊദി അറേബ്യ, ലബനാൻ, സിറിയ, ഖത്തര്‍ എന്നിവടങ്ങളിലായി ഒന്നരക്കോടിയില്‍ താഴെ മാത്രമെ ഹമ്പലികളുള്ളൂ...

 ✒അംഗീകൃതങ്ങളായ ഈ നാലു മദ്ഹബുകള്‍ക്ക് പുറമെ ആദ്യകാലത്ത് അംഗീകാരമുണ്ടായിരുന്ന വേറെയും മദ്ഹബുകളുണ്ടായിരുന്നുവെന്ന് പറഞ്ഞുവല്ലോ. അവയില്‍ ചിലതിനെക്കുറിച്ച്  അറിയാൻ

  Previous            Next