റബീഉൽ അവ്വൽ അത് അനുരാഗികളുടെ കൊയ്ത്തു കാലമാണ്.അനുരാഗികൾക്ക് അനുരാഗിണികളില്ലാതെ തന്റെ പ്രേമത്തിന് അർഥം കണ്ടെത്താനാവില്ല.നൂറ്റാണ്ടുകൾക്ക് മുമ്പ് ഈ പ്രപഞ്ചലോകത്ത് ഭൂജാതനായ പ്രവാചക തിരുമേനി (സ്വ) യോടുള്ള സ്നേഹത്തിന് സത്ത വന്ന് ചേരുന്നത് അവിടുത്തെ ഉത്ഭവം മുതലാണ്.അതിനാൽ 'പ്രഥമ വസന്തം' എന്ന ഓരോ റബീഉൽ അവ്വൽ കടന്ന് വരുമ്പോഴും ഹൃദയാന്തരങ്ങളിൽ സ്നേഹം തിളച്ചു മറിയുന്നവർക്ക് സന്തോഷിക്കാതിരിക്കാനാവില്ല.
ഓരോ മാനവനിലും നില കൊള്ളുന്ന പ്രതിഭാസമാകയാൽ പ്രത്യക്ഷ ദൃഷ്ടിയിൽ സ്നേഹത്തെ അളന്ന് തിട്ടപ്പെടുത്താനാവില്ല.പ്രത്യേകിച്ചും,അജ്ഞതയാൽ ഹ്രദയം കറുത്തു പോയ മാനവ സമൂഹത്തിന് അറിവിന്റെ പ്രഭാ കിരണങ്ങൾ കൈമാറി സത്യത്തിന്റെയും സമ്പൂര്ണതയുടെയും മാർഗ്ഗത്തിലേക്ക് ഹൃസ്വ കാലങ്ങൾ കൊണ്ട് ഉയർത്തി കൊണ്ട് വന്ന പ്രവാചക പ്രഭു (സ്വ) യോട് അനുയായികളിൽ നിന്നും ഉയർന്ന് വരുന്ന ഇഷ്ടം അളക്കാനാവില്ല.അതിന് ഭൗതിക നിതാനങ്ങളെ തെളിവാക്കാനുമാകില്ല. അതിനെ അളന്ന് തിട്ടപ്പെടുത്താൻ ലൗകിക കോലളവുകൾ പര്യാപ്തമാകുന്നുമില്ല.ഈ പ്രേമത്തിന് തടസ്സം നില്ക്കാൻ ആർക്കുമാകില്ല.
ഇസ്ലാമിൻറെ ആദ്യ നൂറ്റാണ്ടുകളിൽ ജീവിച്ചു മണ്മറഞ്ഞു പോയ പുണ്യത്മാക്കളുടെ ജീവിത കഥകൾ നമ്മോട് ഇത്തരത്തിലുള്ള ഇഷ്ടപ്രകടനത്തിന്റെ കഥകളാണ് വിളിച്ചോതുന്നത്.മുൻകാല ചരിത്രത്തിലെ ആശിഖീങ്ങളിൽ തലയുയർത്തി നിൽക്കുന്ന അബൂബക്കർ ബാഗ്ദാദി(റ)യുടെ സ്നേഹ ജീവിതം അനുരാഗിയുടെ മനസ്സിനെ പുണരുന്നതാണ്.തന്റെ വരുമാനത്തിന്റെ സിംഹഭാഗവും ഹബീബിന്റെ ചാരത്തണയാൻ വേണ്ടി സ്വരൂപീച്ച് കൂട്ടിയ മഹത് വ്യക്തിയായി അദ്ദേഹത്തെ വായിക്കുമ്പോൾ മനസ്സിലാക്കാം.മദീനയിൽ വന്ന് ഹബീബിന്റെ സമീപത്തു വച്ചു സ്വലാത്തും സലാമും പറയണമെന്നുള്ളതായിരുന്നു തന്റെ ജീവിതാഭിലാശം.എന്നാൽ തിരിച്ചായിരുന്നു പടച്ചവന്റെ വിധി.തന്റെ പാദങ്ങൾ പുണ്യ ഭൂമിയിലെ മണൽ തരികളിൽ സ്പർശിച്ചെങ്കിലും മദീനയിലെ രാജാവ്,ലോകത്തെ അടക്കി ഭരിക്കുന്ന സുൽത്വാന്റെ നിർദ്ദേശ പ്രകാരം മസ്ജിദുന്നബവിയിലേക്കുള്ള പ്രവേശനം തടയുകയായിരുന്നു.തന്നോടുള്ള സ്നേഹത്തിലുണ്ടായ ആധിക്യം കാരണം അബൂബക്കർ എന്നവർ തന്നിലേക്ക് വന്നണഞ്ഞാൽ പ്രകൃതി നിയമത്തിന് എതിരായി താൻ നിലകൊള്ളുന്ന ഖബ്‌റിൽ നിന്നും പുറത്തു വരേണ്ട അവസ്ഥ സംജാതമാകുമെന്ന് ഭയന്നതിനാൽ പ്രവാചകർ ,അദ്ദേഹത്തെ തടയാനായി മദീനയിലെ രാജാവിന് സ്വപ്നത്തിലൂടെ നിർദേശം നല്കുകയ്യയിരുന്നു.
അറേബ്യൻ സമുദ്രത്തിന്റെ ഓരത്ത് സ്ഥിതി ചെയ്യുന്ന നമ്മുടെ കൊച്ചു കേരളത്തിൽ നിന്നും കടൽ താണ്ടി, മഅശൂഖ് നിശ്വാസിച്ച വായുവിനോട് കിന്നാരം പറയാനായി പുണ്യ ഭൂമിയിലെത്തിയ ഉമർ ഖാളിയുടെ ചരിത്രവും ആശിഖിങ്ങളുടെ മനം കവരുന്നുണ്ട്. താഴിട്ട് പൂട്ടിയ റൗളാ ശരീഫിന്റെ കവാടം തുറക്കാൻ വേണ്ടി അധികാരികളോട് നടത്തിയ അപേക്ഷ തള്ളിക്കളഞ്ഞപ്പോൾ ,ആന്തരങ്ങളിൽ നിന്നും നുരയായി ഉയർന്ന് പൊന്തി പുറത്തു വന്ന ഏതാനും വരികളെ സാക്ഷി നിർത്തുകയായിരുന്നു ഖാളി അവർകൾ.'സ്വല്ലൽ ഇലാഹു'വിൽ തുടങ്ങിയ പദ്യം 'യാ അക്രമൽ കുറമ'യിലെത്തിയപ്പോൾ അഗാധ പ്രേമത്തിന്റെ കാഠിന്യം പൊട്ടിത്തെറിക്കുമാർ റൗളയുടെ കവാടം കണ്മുന്നിൽ തുറക്കപ്പെടുകയായിരുന്നു.സ്നേഹിതന്മാർക്കിടയിലുള്ള സ്നേഹത്തിന് തടസ്സം നിൽക്കാൻ മാത്രം ഒന്നും ഭൂലോകത്തില്ലെന്ന് വ്യക്തമാക്കുന്നതാണ് പ്രവാചക സ്നേഹ ചരിത്രത്തിലെ സംഭവങ്ങൾ.
സ്വന്തത്തെക്കാളേറെ തന്നെ സ്നേഹിക്കാതിരിക്കുന്ന കാലത്തോളം അവൻ യഥാർത്ഥ വിശ്വാസി ആകില്ലെന്ന് ഉച്ഛേസരം പ്രഖ്യാപിച്ച പ്രവാചകർ സ്നേഹത്തിന്റെ യഥാർത്ഥ മാർഗം സമൂഹത്തിന് കാണിച്ചു നൽകുകയായിരുന്നു.പ്രവാചക തിരുമേനിയെ സ്നേഹിച്ചവരേ ജീവിതത്തിൽ വിജയം പുൽകിയിട്ടുള്ളൂ.സ്നേഹത്തിലൂടെ വിശ്വാസത്തിന്റെ സൽപാന്താവിലേക്ക് എത്തിച്ചേരാൻ ഏവർക്കും ജഗനിയന്താവ് സൗഭാഗ്യം നൽകട്ടെ.

0 Comments