"രണ്ടു കാര്യം ഞാന്‍ നിങ്ങള്‍ക്ക് ബാക്കിയാക്കുന്നു. അതു രണ്ടും നിങ്ങള്‍ മുറുകെ പിടിച്ചാൽ മതത്തില്‍ വഴി പിഴക്കില്ല. ഒന്ന് അല്ലാഹുവിന്റെ ഗ്രന്ഥം, മറ്റൊന്ന് എന്റെ പരമ്പര". حجة الوداعന്റെ ദിവസം അറഫയിൽ വെച്ച് നടത്തിയ വിട വാങ്ങൽ പ്രസംഗത്തിൽ നബി (സ്വ) പറഞ്ഞതായി കാണാം.അതിനാൽ നേരായ മതം അതിന്റെ യദാർത്ഥ രൂപത്തിൽ അന്ത്യ നാൾ വരെ ഭൂലോകത്ത് നിൽനിൽക്കുന്നതിൽ അവിടുത്തെ സന്താനപരമ്പരക്കും ഖുർആനിന്നും വലിയ പ്രാധാന്യമുണ്ട്.സത്യത്തിന്റെ ഭാഗത്തു ഉറച്ചു നിൽക്കുന്ന അഹ്ലുബൈത്തിലൂടെ ദീനുൽ ഇസ്‌ലാം അന്ത്യനാൾ വരെ ഭേദഗതികൾ കൂടാതെ ഉണ്ടാകണമെങ്കിൽ അഹ്ലുബൈത്തും അവസാനം വരെ ഭൂമുഖത്ത് ഉണ്ടായിരിക്കണം.

                     പിറന്ന ആൺ മക്കളെല്ലാവരും മരിച്ചപ്പോൾ പ്രവാചകർ (സ്വ)തങ്ങൾക്ക് അനന്തരക്കാരില്ല എന്ന് വാദിച്ചു കൊണ്ട് ശത്രു പക്ഷത്തു നിന്നും വാദങ്ങൾ ഉയർന്നു വന്നു.നബി (സ്വ) തങ്ങൾക്ക് മൂന്ന് ആൺ മക്കളായിരുന്നു. മൂന്ന് പേരും ശൈശവത്തിൽ തന്നെ ഇഹലോകം വെടിഞ്ഞു.അബ്ദുല്ല എന്ന മകൻ മരണപ്പെട്ട സമയത്തായിരുന്നു നബി തങ്ങൾക്കെതിരെ ആക്ഷേപവുമായി എതിരാളികൾ രംഗത്ത് വന്നത്. ഈ സമയത്തു ഖുർആൻ അദ്ധ്യായം 108ലൂടെ നബി തങ്ങളോട് പറഞ്ഞു ."നിങ്ങൾക്ക് നാം വളരെ അധികം അനുഗ്രഹങ്ങൾ നൽകിയിരിക്കുന്നു.നിങ്ങളെ ആക്ഷേപിച്ചവനാണ് അനന്തരമില്ലാത്തവൻ".

             തിരു ദൂതർ (സ്വ) അസാധാരണ മനുഷ്യനാണെന്ന പോലെ അവിടുത്തെ പരമ്പരക്കും അസാധാരണത്വം ഉണ്ടായിരുന്നു. ആൺ മക്കൾ മരണപ്പെട്ട തങ്ങളുടെ പരമ്പര നില നിന്നത് പ്രിയപ്പെട്ട മകൾ ഫാത്വിമ ബീവിയിലൂടെ ആയിരുന്നു. ഇമാം ത്വബ്‌റാനി (റ) ഉദ്ദരിക്കുന്ന ഹദീസില്‍ നബി (സ) തങ്ങള്‍ പറഞ്ഞതായി കാണാം. 'അല്ലാഹു പ്രവാചകന്മാരുടെ പരമ്പര സംരക്ഷിച്ചത് പ്രവാചകന്മാരിലൂടെ തന്നെയാണ്. എന്നാല്‍ എന്റെ പരമ്പര അലിയിലൂടെയാണ് അല്ലാഹു സംരക്ഷിക്കുന്നത് '.

             സാധാരണയായി ആൺ മക്കളിലൂടെയാണ് ഓരോരുത്തരുടെയും അനന്തരം കൈമാറി പോരാറുള്ളത്.അതിൽ നിന്നും മാറി, തന്റെ പുന്നാര മകൾ ഫാത്വിമ ബീവിയിലൂടെ പരമ്പരക്ക് തുടക്കമിട്ടു.ഫാത്വിമ ബീവിക്ക് അലി (റ)വിൽ നിന്നുണ്ടായ ഹസൻ, ഹുസ്സൈൻ (റ)വിലൂടെയാണ് ഇന്നും നില നിൽക്കുന്ന അവിടുത്തെ സന്താനങ്ങൾ ലോകത്തു വ്യാപിക്കുന്നത്.

             സൈദ്, ഉമ്മുല്‍ഹംസ, ഉമ്മുല്‍ ഹുസൈന്‍, ഹസന്‍ രണ്ടാമന്‍, ഉമര്‍, ഖാസിം, അബ്ദുള്ള, അബ്ദുറഹ്മാന്‍, ത്വല്‍ഹത്, ഹുസൈന്‍, ഫാത്തിമ, ഉമ്മുസലമ, റുഖിയ്യ എന്നിവരാണ് ഹസന്‍ (റ)വിന്റെ സന്താനങ്ങള്‍. ഉമര്‍, ഖാസിം, അബ്ദുല്ല എന്നിവര്‍ ഹുസൈന്‍(റ) വിന്റെ കൂടെ കര്‍ബലയില്‍ രക്തസാക്ഷികളായി. ഇവരില്‍ സൈദ്, ഹസന്‍ രണ്ടാമന്‍ എന്നിവര്‍ക്ക് മാത്രമേ പരമ്പരയുള്ളൂ. സൈദ് ഹിജ്‌റ നൂറ്റി ഇരുപതിലും ഹസന്‍ തൊണ്ണൂറ്റി ഏഴിലും വഫാത്തായി.

           സൈനുൽ ആബിദീൻ, അലിഅൽ‌അക്ബർ, സകീന, അലിഅൽ‌അസ്ഗർ, ഫാത്വിമ കുബ്റ, ഫാത്വിമ സുഗ്റ എന്നിവരാണ് ഹുസൈൻ (റ) വിന്റെ മക്കൾ.ഹിജ്‌റ അറുപത്തിഒന്നിൽ ഉണ്ടായ ഖർബല യുദ്ധത്തിൽ ഹുസൈൻ (റ)വും സൈനുൽ ആബിദീൻ ഒഴികെയുള്ള മക്കളും വീരമൃത്യു വരിച്ചു.സൈനുൽ ആബിദീൻ വഴിയാണ് ഹുസൈൻ (റ)വിന്റെ പരമ്പര പോകുന്നത്.

                അഹ്‌ലുബൈത്തിന്റെ പരമ്പര ഹസന്‍ രണ്ടാമന്‍ സൈദ് എന്നിവര്‍ വഴി ഹസ്‌റത്ത് ഹസനിലും സൈനുല്‍ ആബിദീന്‍ വഴി ഹസ്‌റത്ത് ഹുസൈനിലും എത്തിച്ചേരുന്നു.ഖർബല യുദ്ധത്തിൽ അഹ്ലുബൈത്തിൽ നിന്നുള്ള ധാരാളം പേർ കൊല്ലപ്പെട്ടു. ഈ സംഭവത്തിന് ശേഷം നബി കുടുംബം ലോകത്തിന്റെ നാനാ ഭാഗത്തേക്കും പലായനം ചെയ്യുകയും അവിടങ്ങളിൽ ദീനീ പ്രബോധനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു.അവരുടെ കരങ്ങളാൽ നിരവധി പേർ സത്യ മതം പുൽകി.